കേരളത്തിൽ കടുത്ത ചൂട് തുടരുന്നതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വന്നപ്പോൾ വെള്ളിയാഴ്ച 5654 മെഗാവാട്ടായിരുന്നു. എന്നാൽ പ്രതിദിന ഉപഭോഗത്തിൽ ചെറിയ കുറവുണ്ടായി. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചപ്പോൾ ഇന്നലെ 115 ദശലക്ഷം യൂണിറ്റായിരുന്നു.

അണക്കെട്ടുകളിലെ ജലനിരപ്പ് 30 ശതമാനമായി താഴ്ന്നിരിക്കുന്നു. ഇത് സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ എന്ന ആശങ്കയുമുണ്ട്. വൈദ്യുതി ബോർഡിന് കീഴിലുള്ള അണക്കെട്ടുകളിലെ ജലവിതാനം വളരെ കുറവാണ്.

വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു. വൈകിട്ടത്തെ ഉയർന്ന ആവശ്യത്തെ നേരിടാൻ 15 മുതൽ 20 മിനിറ്റ് വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിസന്ധി തുടരുകയാണെങ്കിൽ, അരമണിക്കൂർ പ്രഖ്യാപിത ലോഡ് ഷെഡിംഗിലേക്ക് സംസ്ഥാനം നീങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Photo and News Source: Kerala Online News