ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു. ചേംബറിന്റെ 31-ാമത് ഭരണസമിതിയുടെ ആദ്യ ജനറൽ അസംബ്ലി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനങ്ങൾ എടുത്തത്.

പ്രത്യേക വകുപ്പ് രൂപീകരിച്ച് ചെറുകിട-ഇടത്തരം സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള നടപടികൾ ആരംഭിച്ചു. കൂടാതെ, വിപണിയിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ചേംബർ പ്രതിനിധികൾ വ്യാപാര കേന്ദ്രങ്ങൾ സന്ദർശിക്കും.

മൂന്ന് മാസം കൂടുമ്പോൾ ഓപ്പൺ മീറ്റിംഗുകൾ സംഘടിപ്പിച്ച് അംഗങ്ങളുമായി നേരിട്ട് സംവദിക്കാനും പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും പിന്തുണയ്ക്ക് ചേംബർ നന്ദി പ്രകടിപ്പിച്ചു.

ചേംബർ ചെയർമാൻ നബീൽ ഖാലിദ് കാനു സംരംഭകർക്ക് സാങ്കേതിക സഹായം, കൺസൾട്ടൻസി, വെല്ലുവിളികൾ പഠിച്ച് സർക്കാരിന് ശുപാർശകൾ നൽകൽ തുടങ്ങിയ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ നൽകുമെന്ന് പറഞ്ഞു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധന, വായ്പ തിരിച്ചടയ്ക്കൽ ഇളവുകൾ, പണലഭ്യത ഉറപ്പാക്കൽ എന്നിവ ബിസിനസ്സ് മേഖലയ്ക്ക് ആത്മവിശ്വാസം നൽകിയതായി യോഗം വിലയിരുത്തി.

Photo and News Source: Sathyam Online