കോഴിക്കോട്: വടകര, നാദാപുരം മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരുടെ അച്ചടക്ക നടപടിയും പരസ്യ പ്രതിഷേധവും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിലുണ്ടായ തർക്കങ്ങളോടെ നേതൃത്വവുമായി തെറ്റി പുറത്തായ പ്രവർത്തകർ, നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെ കോലം കത്തിക്കുകയുമുണ്ടായി. ഇത് ബിജെപി-കോൺഗ്രസ് ഡീൽ നടന്നെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിലേക്ക് നയിച്ചു.

ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവർത്തകർ, സ്ഥാനാർഥി നിർണയത്തിൽ മെറിറ്റിനു പകരം വീതം വെപ്പാണെന്ന് ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായതോടെ ഗ്രൂപ്പ് പോര് കുറഞ്ഞിരുന്നുവെങ്കിലും, കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ മലബാറിൽ സജീവമാണെന്നും അവരുടെ വീതം വെപ്പാണെന്നും ഇവർ ആരോപിക്കുന്നു.

‘പ്രഫുൽ കൃഷ്ണൻ കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനാണ്. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കു വീതം വെപ്പാണ് നടന്നത്. വടകര, നാദാപുരം മണ്ഡലങ്ങളിൽ മെറിറ്റിനു പ്രാധാന്യം നൽകിയില്ല’ എന്ന് നടപടി നേരിട്ട ശ്യാംരാജ് കൂരിയാടി പറഞ്ഞു. മുൻപ് ആരോപണ വിധേയരായ പ്രവർത്തകരെ സ്ഥാനാർഥികളാക്കിയതിൽ തങ്ങൾ പ്രതിഷേധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Mathrubhumi