ധർമ്മടത്തെ പ്രമുഖ സിപിഎം നേതാവും ബീഡി തൊഴിലാളി പൊതുപ്രവർത്തകനുമായ പണിക്കൻ രാജൻ (79) ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ തലശ്ശേരി സഹകരണാശുപത്രിയിൽ അന്തരിച്ചു. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിണറായി ഏര്യ കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം, നിലവിൽ ധർമ്മടം ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘം പ്രസിഡന്റായിരുന്നു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം കർഷക സംഘം പ്രസിഡന്റ്, ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച പണിക്കൻ രാജൻ, ദീർഘകാലം ദിനേഷ് ബീഡി മേസ്ത്രിയായും സേവനമനുഷ്ഠിച്ചു. സഹകരണ മേഖലയിലെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും, തലശ്ശേരി സഹകരണ ആശുപത്രി ഡയറക്ടറായും പ്രവർത്തിച്ച് മേഖലയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു. ധർമ്മടത്തെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ജനകീയ നേതാവായി മാറി.

രോഗികളുടെ ആശ്രയമായിരുന്ന അദ്ദേഹം, രോഗി സന്ദർശനത്തിലും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലും താല്പര്യമെടുത്തു. കോഴിക്കോട്, മണിപ്പാൽ, മംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളുമായി ബന്ധപ്പെടുത്തി രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധിച്ചു.

Photo and News Source: Kvartha