ഡൽഹി: പശ്ചിമാഫ്രിക്കയിലെ മാലിയിൽ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നു. പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടതായി വിവരമുണ്ട്.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചെങ്കിലും, ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി. കാറ്റി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് പ്രധാന നിർദ്ദേശം. മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിരിക്കുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെടുന്നു. പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണം. അടിയന്തര സാഹചര്യങ്ങളിൽ +223 78486019 / 94793705 എന്നീ നമ്പറുകളിൽ എംബസിയെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.
Photo and News Source: Sathyam Online



