മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റും കൃത്യമായ സ്റ്റോപ്പും നിഷേധിച്ച കെ.എസ്.ആർ.ടി.സിക്ക് ജില്ലാ ഉപഭോക്തൃ കമ്മിഷൻ 30,000 രൂപ പിഴ ചുമത്തി. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.

രോഗിയായ മുഹമ്മദ് സൈനുദ്ദീൻ തൃശ്ശൂർ ആമ്പല്ലൂരിൽ നിന്നും മലപ്പുറം കൊളപ്പുറത്തേക്ക് യാത്രചെയ്ത ബസ്സിൽ സീറ്റ് ലഭ്യമല്ലെന്ന പ്രശ്നം നേരിട്ടു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന യാത്ര ബുദ്ധിമുട്ടായി. തൃശ്ശൂരിൽ എത്തിയപ്പോൾ ഒഴിഞ്ഞ സീറ്റിൽ ഇരുന്നെങ്കിലും റിസർവ്വ് ചെയ്ത സീറ്റ് എന്ന കാരണത്താൽ സീറ്റൊഴിയാൻ നിർബന്ധിതനായി.

മറ്റൊരു സീറ്റും ലഭ്യമല്ലാത്തതിനാൽ യാത്ര തുടരേണ്ടിവന്നു. കൂടാതെ സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ യാത്ര നടത്തിയതോടെ കക്കാട് സ്റ്റോപ്പിൽ ഇറങ്ങേണ്ടിയിരുന്നത് കൂരിയാട്ട് സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിവന്നത്. ഇതേത്തുടർന്ന് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകി. 45 ദിവസത്തിനകം 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും അടയ്ക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സിയുടെ എം.ഡി.യാണ് പിഴ അടയ്ക്കേണ്ടത്.

Photo and News Source: Janam TV