തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശം നൽകി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം. അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചു.
ആരോഗ്യ സർവകലാശാലയുടെ അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പും വിദ്യാർത്ഥികളുടെ മൊഴിയും എടുക്കും. സമിതിയുടെ തലവൻ മേജർ ജനറൽ അജിത് നീലകണ്ഠനാണ്. പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർ ഒളിവിലാണെന്ന വിവരം ലഭിച്ചു. മുൻകൂർ ജാമ്യത്തിനായി ശ്രമങ്ങൾ തുടങ്ങിയതായും അറിയുന്നു.
വിദ്യാർത്ഥികൾ ഡോ. റാമിനെയും സംഗീതയെയും കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ഡോ. റാമിനെ പുറത്താക്കണമെന്നുമുള്ള ആവശ്യവുമായി സമരം തുടരുന്നു. ഏപ്രിൽ 20-ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും കുടുംബം അത് നിഷേധിച്ചു. നിതിന്റെ ശബ്ദരേഖ ഉൾപ്പെടെ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനെ തുടർന്നാണ് പ്രതികൾക്കെതിരെ നടപടിയെടുക്കാനുള്ള ആവശ്യം ശക്തമായി ഉയർന്നത്.
Photo and News Source: Janmabhumi


