കോഴിക്കോട്: സമസ്ത കേരളത്തിന്റെ നേതൃത്വത്തിലുള്ള 300-ലധികം മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കോളേജുകളിലേക്ക് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ നടത്തുന്ന ഏകജാലക പ്രവേശന (ജെ സാറ്റ്) പ്രവേശനത്തിനുള്ള അവസാന ദിവസമാണ് ഇന്ന്. രാത്രി 11:59 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. സ്കൂൾ ആറും ഏഴും പത്തും ക്ലാസുകൾ പൂർത്തിയാക്കിയവർ യഥാക്രമം ഏഴും എട്ടും പ്ലസ് ടു ക്ലാസുകളോടൊപ്പം ആഴത്തിലുള്ള മതപഠനവും ലഭ്യമാകുന്ന കോഴ്‌സുകളാണ് ഇവിടെ ലഭ്യമാകുന്നത്.
മതപഠനത്തിൽ ഹാദി ബിരുദവും ഭൗതികപഠനത്തിൽ പിഎച്ച്ഡി തുല്യ കോഴ്‌സുകളും സമന്വയിപ്പിച്ചുള്ള പഠനമാണ് ഈ പ്രോഗ്രാമുകളുടെ പ്രത്യേകത. മാനേജ്മെന്റ് ക്വാട്ട വഴി സീറ്റ് ഉറപ്പാക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ഇന്ന് അവസാനിക്കും. അപേക്ഷകൾ സമർപ്പിച്ചവർക്ക് സ്ഥാപന മുന്‍ഗണനാക്രമം (ചോയ്സ്) എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഈ മാസം 30 വരെ ലഭ്യമായിരിക്കും.
മെയ് രണ്ടാം തീയതി വരെ ഹാള് ടിക്കറ്റ് https://www.jamiathulhind.com എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സംസ്ഥാനത്തെ എസ്.വൈ.എസ്-എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷ പൂർത്തിയാക്കിയവർക്ക് അടുത്ത മാസം രണ്ടാം തീയതി ജെ സാറ്റ് പ്രവേശന പരീക്ഷയും ഇന്റർവ്യൂയും നടക്കും.
Photo and News Source: Siraj Live



