കാസർകോട്: ചന്ദ്രഗിരി കോട്ടയുടെ അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാക്കി, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു. ചരിത്രപ്രാധാന്യമുള്ള ഈ കോട്ടയെ ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെയുള്ള പരിപാടികളുടെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്നും കോട്ടയുടെ നടത്തിപ്പിനും പരിപാലനത്തിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വിട്ടുകൊടുത്തതിനെ തുടർന്നാണ് കളക്ടർ ഇവിടെയെത്തിയത്.
വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനായി കോട്ടയുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശിച്ചു. പൈതൃകഭംഗി നിലനിർത്തിക്കൊണ്ട് നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും, കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും കളക്ടർ നിർദേശിച്ചു.
കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കാനും നവീകരിക്കാനും ഉത്തരവിട്ടു. സന്ദർശകർക്ക് വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനായി ഇരിപ്പിടസൗകര്യങ്ങളും ശൗചാലയങ്ങളും ഒരുക്കും. കോട്ടയ്ക്കുള്ളിൽ നിറഞ്ഞ കുറ്റിക്കാടുകൾ വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ചെമ്പിരിക്ക ബീച്ചിലും അടിസ്ഥാനസൗകര്യ വികസനം വരും.
Photo and News Source: Mathrubhumi



