ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതിനെ തുടർന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്ഥാനിൽ നിന്ന് മടങ്ങി. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഘം വിമാനത്താവളത്തിലേക്ക് തിരിച്ചത്. ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും മധ്യസ്ഥതയിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചകൾക്കുശേഷമാണ് ഈ അപ്രതീക്ഷിത മടക്കം.
രണ്ടാഴ്ച മുമ്പ് നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന്, യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാം വട്ട ശ്രമങ്ങൾക്കായി അരാഗ്ചി വെള്ളിയാഴ്ച രാത്രി ഇസ്ലാമാബാദിലെത്തിയിരുന്നു. എന്നാൽ, അമേരിക്കയുടെ കടുത്ത ഉപാധികളും കടൽ മാർഗ്ഗമുള്ള ഉപരോധം തുടരുന്നതും ചർച്ചകൾ തടസപ്പെടുത്തി. ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വിസമ്മതിക്കുകയും, തങ്ങളുടെ നിലപാടുകൾ പാകിസ്ഥാൻ വഴി യുഎസിനെ അറിയിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ പരിപാടികളുമാണ് പ്രധാന തർക്കവിഷയങ്ങൾ. വൈറ്റ് ഹൗസ് പ്രതിനിധികൾ ചർച്ചകൾക്കായി പാകിസ്ഥാനിൽ എത്തുമെന്ന് അറിയിച്ചിരുന്നു. അരാഗ്ചി അടുത്തായി ഒമാൻ, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. എട്ട് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.
Photo and News Source: Sathyam Online



