പനാജിയിൽ വച്ച് വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യൂട്യൂബറും സനാതന മഹാസംഘ് സ്ഥാപകനുമായ ഗൗതം ഖട്ടർ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ അറസ്റ്റിലായി. ഗോവ പൊലീസ് ഏപ്രിൽ 18 മുതൽ അദ്ദേഹത്തിനെതിരെ തിരച്ചിൽ നടത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഗോവ പോലീസ്, ക്രൈം ബ്രാഞ്ച് സൂപ്രണ്ട് രാഹുൽ ഗുപ്തയുടെ അറസ്റ്റ് പ്രഖ്യാപനത്തോടെ ഖട്ടറെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചു.
ബുധനാഴ്ച ഉത്തരാഖണ്ഡിൽ നിന്ന് അദ്ദേഹത്തിന്റെ സഹോദരൻ മാധവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ഈ കേസിൽ, വാസ്കോയിലെ 'ഭഗവാൻ പരശുറാം ജന്മോത്സവ' പരിപാടിയിലാണ് ഖട്ടർ വിവാദ പരാമർശങ്ങൾ നടത്തിയത്. സനാതന ധർമ രക്ഷാ സമിതി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ, ബി.ജെ.പി എം.എൽ.എമാരായ സങ്കൽപ് അമോങ്കർ, കൃഷ്ണ സാൽക്കർ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും വർഗീയ സൗഹാർദം തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് കോർട്ടാലിം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പീറ്റർ ഡിസൂസ പരാതി നൽകിയിരുന്നു.
Photo and News Source: Kerala Online News



