ഗുവാഹത്തി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്ക്കെതിരെ വ്യാജ പാസ്പോർട്ട് ആരോപണം ഉന്നയിച്ച പവൻ ഖേരയുടെ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി നിരസിച്ചു. കോടതി, പവൻ ഖേരയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, അദ്ദേഹത്തിന്റെ രേഖകൾ കൃത്രിമമാണെന്ന് ആസാം പോലീസ് കണ്ടെത്തിയതായി ഉദ്ധരിച്ചു. വ്യാജ രേഖകൾ പ്രചരിപ്പിക്കുന്നത് ഭാരതീയ നിയമപ്രകാരം ഗുരുതര കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഭാര്യ രാഷ്ട്രീയ പ്രവർത്തകയല്ലെന്നും അവരെ ലക്ഷ്യമാക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 5-ന് ഗുവാഹത്തിയിൽ വാർത്താസമ്മേളനത്തിലാണ് ഖേര ഈ ആരോപണങ്ങൾ ഉന്നയിച്ചത്. റിനികി ഭൂയാന് വിദേശ പാസ്പോർട്ടുകളും അമേരിക്കയിൽ നിക്ഷേപവും ഉണ്ടെന്നായിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ തെളിയിക്കുന്ന ഒരൊറ്റ രേഖ പോലും ഖേര സമർപ്പിച്ചില്ല. തുടർന്ന്, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളിൽ റിനികി പരാതി നൽകി.

ഇതോടെ, ഖേരയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

Photo and News Source: Janam TV