കേരളത്തിലെ ഹിന്ദു വിവാഹങ്ങളിൽ പ്രത്യേകിച്ച് നായർ, ഈഴവ സമുദായങ്ങൾക്കിടയിൽ ‘ആലില താലി’ക്ക് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ആൽമരം പവിത്രമായി കരുതപ്പെടുന്നു. “വൃക്ഷങ്ങളിൽ ഞാൻ അരയാലാണ്” എന്ന ഭഗവദ്ഗീതയിലെ വചനവും ഇതിന് പിന്തുണയാണ്. ആൽമരത്തിന്റെ ചുവട്ടിൽ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുമെന്ന വിശ്വാസം ഈ താലിക്ക് ദൈവിക ശക്തി കല്പിക്കുന്നു.
ഐശ്വര്യവും ദീർഘായുസ്സും പ്രതീകപ്പെടുത്തുന്ന ആലില താലി, കുടുംബ വളർച്ചയ്ക്കുള്ള പ്രാർത്ഥനയാണ്. ആൽമരത്തിന്റെ പടർന്നു പന്തലിക്കുന്ന സ്വഭാവം പോലെ കുടുംബം ഐശ്വര്യത്തോടെ വളരണമെന്ന ആഗ്രഹം ഇതിലൂടെ പ്രകടമാക്കുന്നു. പഴയകാലത്ത് പ്രകൃതിയുമായി ഇണങ്ങിനിന്ന ചിഹ്നങ്ങളാണ് ആഭരണങ്ങൾക്കും നൽകിയിരുന്നത്. ഹൃദയാകൃതിയിലുള്ള ആലിലയുടെ രൂപം സ്വർണ്ണത്തിൽ നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ഭംഗി മംഗല്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
സാധാരണയായി ആലില താലിയിൽ ഗണപതിയുടെ രൂപമോ ഓം എന്ന അടയാളമോ ഉണ്ടാകാറുണ്ട്. ഇത് ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങളില്ലാത്ത ഒഴുക്കിനെ സൂചിപ്പിക്കുന്നു. താഴേക്ക് കൂർത്തു നിൽക്കുന്ന ആലിലയുടെ രൂപം പ്രപഞ്ചോൽപ്പത്തിയെയും പുനർജന്മത്തെയും പ്രതീകപ്പെടുത്തുന്നു. കേരളീയ സംസ്കാരത്തിന്റെ തനിമയുടെയും അടയാളമാണ് ഈ താലി.
Photo and News Source: Janam TV



