പശ്ചിമേഷ്യൻ പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത് വിപണികളെ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണി വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത. യുഎസ്, ഏഷ്യൻ വിപണികൾ ഇന്നലെ കുതിച്ചു കയറിയിരുന്നു. ഇന്ന് ഏഷ്യൻ വിപണികൾ ഉയരുകയാണ്.
ക്രൂഡ് ഓയിൽ വില 90 ഡോളറിനടുത്തേക്ക് താഴ്ന്നു. ഡോളർ നിരക്കും താഴോട്ടാണ്. സ്വർണം കുതിച്ചു കയറുന്നു. ഗിഫ്റ്റ് നിഫ്റ്റി 24,236 വരെ കയറി. നിഫ്റ്റി ഇന്ന് 350 പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങും.
മാർച്ചിലെ ചില്ലറ വിലക്കയറ്റം 3.40 ശതമാനമായി. ഫെബ്രുവരിയിൽ 3.21 ശതമാനമായിരുന്നു. ഭക്ഷ്യവില 3.87% ആയി ഉയർന്നു. വെള്ളി, സ്വർണം, നാളികേരം, തക്കാളി, കോളിഫ്ലവർ എന്നിവയുടെ വില കൂടി. ഉള്ളി, ഉരുളക്കിഴങ്ങ്, പരിപ്പ്, കടല എന്നിവയ്ക്ക് വില കുറഞ്ഞു.
എന്നാൽ റിസർവ് ബാങ്ക് പെട്ടെന്നു പലിശനിരക്കുകൾ കൂട്ടുകയില്ല. ഇന്ന് മൊത്തവിലക്കയറ്റ കണക്ക് പ്രസിദ്ധീകരിക്കും. യുദ്ധം വിദേശവ്യാപാരത്തിൽ ഇടിവ് വരുത്തിയിട്ടുണ്ട്. അമേരിക്ക-ഇറാൻ ചർച്ച ഈയാഴ്ച ഇസ്ലാമാബാദിൽ പുനരാരംഭിക്കും. യുദ്ധവിരാമത്തിനു പുറമെ വിശാലധാരണയ്ക്കും ട്രംപ് ശ്രമിക്കുന്നു.
Photo and News Source: Dhanam


