ബർക്കിംഗാമിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ, ഭാര്യയുടെ തലയിൽ തിളച്ച എണ്ണ ഒഴിച്ച് മുഖം പൊള്ളിച്ച്, ഫ്രൈയിംഗ് പാനും ഗ്യാസ് അടുപ്പും ഉപയോഗിച്ച് മർദ്ദിച്ച 50 വയസ്സുകാരന് 26 വർഷം തടവ് വിധിച്ചു. ബംഗ്ലാദേശി സ്വദേശിയായ രാജു മൊല്ലയാണ് കുറ്റവാളി. 2023 ജനുവരി 12-നായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രാജു, ഓംലെറ്റ് ഉണ്ടാക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു.
തുടർന്ന് ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കി, ഭാര്യ പാത്രം കഴുകാൻ തിരിഞ്ഞപ്പോൾ, അവരുടെ മുടിയിൽ പിടിച്ച് തിളച്ച എണ്ണ മുഖത്തേക്ക് ഒഴിച്ചു. തുടർന്ന് ഫ്രൈയിംഗ് പാൻ, ഗ്യാസ് അടുപ്പിന്റെ ഫ്രെയിം എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. നിലത്ത് വീണുകിടക്കുന്ന ഭാര്യയെ പോലീസ് കണ്ടെത്തി. ആദ്യം അപകടം സംഭവിച്ചതാണെന്ന് പറഞ്ഞ രാജു, ചോദ്യം ചെയ്യലിൽ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ആക്രമിച്ചതെന്ന് സമ്മതിച്ചു.
പരിക്കേറ്റ സ്ത്രീക്ക് മാരകമായ പൊള്ളലും തലച്ചോറിൽ രക്തസ്രാവവും, പല്ലുകൾ കൊഴിയലും സംഭവിച്ചു. ആക്രമണത്തിന് മുമ്പും രാജു ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നു. വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജുവിന് 26 വർഷം തടവും ആജീവനാന്ത വിലക്കും വിധിച്ചു. ഇരയുടെ മൊഴി ഹൃദയഭേദകമായിരുന്നു: “അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു. ”
Photo and News Source: Janam TV



