ന്യൂഡൽഹി: മൊബൈൽ റീചാർജിനായി ഗൂഗിൾ പേയോ, ഫോൺ പേയോ ഉപയോഗിക്കേണ്ടതില്ല. വാട്‌സ്ആപ്പിലൂടെ തന്നെ പ്രീപെയ്ഡ് റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. നെതർലൻഡ്സ് ആസ്ഥാനമായ പേയ്‌മെന്റ് കമ്പനിയുടെ സഹായത്തോടെയാണ് ഈ സേവനം ലഭ്യമാക്കിയത്. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഈ സൗകര്യം ലഭിക്കും.
എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകളുടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട റീചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാം. വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണിത്. നിലവിൽ ബിൽ പേയ്‌മെന്റുകൾ, മെട്രോ ടിക്കറ്റ് ബുക്കിങ്, സർക്കാർ സേവനങ്ങൾ എന്നിവയും ചാറ്റ് ബോട്ടുകൾ വഴി സാധ്യമാണ്. ചാറ്റിങ് ആപ്പിനെ സമ്പൂർണ ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമാക്കി മാറ്റുകയാണ് വാട്‌സ്ആപ്പിന്റെ ലക്ഷ്യം.
റീചാർജ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം വാട്‌സ്ആപ്പിലെ കാമറ ഐക്കണിന് സമീപമുള്ള രൂപ ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് മെനുവിൽ നിന്നും മൊബൈൽ പ്രീപെയ്ഡ് റീചാർജ് തിരഞ്ഞെടുക്കുക. നിങ്ങളുടെയോ മറ്റാരുടെയെങ്കിലും മൊബൈൽ നമ്പർ നൽകുക. സിം തെരഞ്ഞെടുക്കുക. തുടർന്ന് ഇഷ്ടപ്പെട്ട റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക. അവസാനം യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് പൂർത്തിയാക്കുക.
Photo and News Source: Samakalika Malayalam


