ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സേന എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയാണ് പാർട്ടി പ്രഖ്യാപിച്ചത്. പിതാവിനും ബിആർഎസിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ ശേഷമാണ് പാർട്ടി രൂപീകരണം.

ഹൈദരാബാദിലെ ഗൺ പാർക്കിലെ അമരവീരുല സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പാർട്ടി പ്രഖ്യാപിച്ചത്. ബിആർഎസ് വിട്ട് ഏഴ് മാസം കഴിഞ്ഞാണ് പാർട്ടി പ്രഖ്യാപനം. “ബിആർഎസ് രൂപീകരിച്ചത് തെലങ്കാനയുടെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു. പക്ഷേ, പിന്നീട് പാർട്ടിയുടെ പേരും രീതികളും മാറി. ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയെ ജനങ്ങൾ പിന്തുണയ്ക്കില്ല,” എന്ന് കവിത പറഞ്ഞു.

2025 സെപ്റ്റംബറിൽ ബിആർഎസ് കവിതയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സസ്‌പെൻഡ് ചെയ്തു. മുതിർന്ന നേതാക്കളായ ടി. ഹരീഷ് റാവുവും ജെ. സന്തോഷ് റാവുവും എതിരെ കവിത പരസ്യമായി സംസാരിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചേർന്ന് കുടുംബത്തെയും പാർട്ടിയെയും തകർക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു കവിതയുടെ ആരോപണം.

സസ്‌പെൻഷന് ശേഷം എംഎൽസി സ്ഥാനം രാജിവെച്ച കവിത, ജനുവരിയിൽ ബിആർഎസ് വിട്ടു. തുടർന്ന് രൂപീകരിച്ച ‘തെലങ്കാന ജാഗൃതി’ സംഘടനയാണ് പുതിയ പാർട്ടിയായി മാറിയത്. “എന്റെ ശരീരത്തിൽ ഓടുന്നത് തെലങ്കാനയുടെ രക്തമാണ്. ജനങ്ങളാണ് എന്റെ കുടുംബം,” എന്ന് കവിത വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി രംഗപ്രവേശം ചെയ്യുന്നു.

Photo and News Source: Malayalam Express