സൗദിയിൽ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കൗണ്‍സിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് കർശന നടപടി കൈക്കൊണ്ടു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനയിൽ നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിന്റെ ഫലമായി ഏകദേശം 40 ലക്ഷം റിയാൽ പിഴ ഈടാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പ്രധാന കാരണം. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് മെച്ചപ്പെടുത്താനുള്ള സമയം നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പരിഹാരമില്ലാത്ത തൊഴിലുടമകൾക്കെതിരെ കനത്ത പിഴ ചുമത്തി.
ഹെൽത്ത് ഇൻഷുറൻസ് നിയമത്തിലെ ആർട്ടിക്കിൾ 41 പ്രകാരം, തൊഴിലുടമകൾക്ക് തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം പൂർണ്ണമായും അടയ്ക്കേണ്ടതാണ്. ഇൻഷുറൻസ് വിഹിതം അടയ്ക്കാത്ത ഓരോ വ്യക്തിക്കും പ്രത്യേക പിഴ ഈടാക്കുന്നതോടൊപ്പം കടുത്ത ശിക്ഷകളും പ്രഖ്യാപിച്ചു. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും വിസ സേവനങ്ങൾക്കും നിരോധനം വരെ ഏർപ്പെടുത്താം. ഗുണഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് കൗണ്‍സിൽ പ്രതിജ്ഞാബദ്ധം.
Photo and News Source: Kerala Online News



