കണ്ണൂരിൽ നിന്നുള്ള ബിഡിഎസ് വിദ്യാർത്ഥി നിധിന് രാജിന്റെ മരണത്തെ തുടർന്ന് ഏപ്രിൽ 28-ന് ഹർത്താൽ ബന്ദായി മാറുമെന്ന് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി ദന്തല് കോളജിലെ വിദ്യാർത്ഥിയായിരുന്ന നിധിന് രാജിന്റെ മരണത്തിനു പിന്നിലെ ഉത്തരവാദികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും, രോഹിത് വെമൂല ആക്ട് നടപ്പിലാക്കണമെന്നുമുള്ള ആവശ്യങ്ങളുമായി ഹർത്താൽ നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വെച്ചു വെളിപ്പെടുത്തി.

നഷ്ടപരിഹാരമായി പത്ത് കോടി രൂപയും, കോളജിന്റെ അഫിലിയേഷൻ റദ്ദാക്കലും, ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർത്താലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥും, കുഞ്ഞമ്പു കല്യാശ്ശേരിയും, വിജയൻ വി.സി.യുമടക്കം 60-ലധികം സംഘടനകൾ പങ്കാളികളാകുന്നുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നീണ്ടുനിൽക്കുന്ന ഹർത്താലിൽ ആശുപത്രിയും, പത്രം പാലും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങാതെ തടയുമെന്നും വ്യാപാരികൾ കടകൾ അടച്ച് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

Photo and News Source: Samakalika Malayalam