ജിദ്ദയിലെ ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെ വിശദമായി അവലോകനം ചെയ്തു. യു.എം. ഹുസ്സൈൻ മലപ്പുറം ജില്ലാ കമ്മിറ്റി അധ്യക്ഷനായ യോഗത്തിൽ, യു.ഡി.എഫ് 90 മുതൽ 112 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രവാസ ലോകത്ത് യു.ഡി.എഫ് അനുകൂലമായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയതിനെ യോഗം അഭിനന്ദിച്ചു. വോട്ടർമാരെ ബോധവൽക്കരിക്കുന്നതിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് കോൺഗ്രസും യു.ഡി.എഫും മുന്നോട്ട് വെച്ച അഞ്ച് ഗ്യാരന്റികളായിരുന്നു. താഴെ തട്ടിലുള്ള കുടുംബങ്ങളിലും, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരുടെ ഇടയിലും ഈ ഗ്യാരന്റികൾ ചർച്ചാവിഷയമായി. യു.ഡി.എഫിന്റെ പ്രകടന പത്രികയ്ക്ക് ലഭിച്ച അംഗീകാരമാണ് നിർധനരും കുടുംബീനികളും ഈ തിരഞ്ഞെടുപ്പിൽ നല്ല പ്രതികരണം നൽകാൻ കാരണമായത്. പുതുതലമുറയ്ക്കായി പ്രഖ്യാപിച്ച പരിപാടികൾ യു.ഡി.എഫിന് അനുകൂലമായി ഫലം നൽകി.
യോഗത്തിൽ പങ്കെടുത്ത ജില്ലാ ഭാരവാഹികളായ ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, ഗഫൂർ വണ്ടൂർ, ശംസുദ്ധീൻ വേങ്ങൂർ, ഉസ്മാൻ മേലാറ്റൂർ എന്നിവർ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ പ്രവാസ ലോകത്ത് സജീവമായി ഇടപെട്ട എല്ലാ പ്രവർത്തകർക്കും യോഗം അഭിനന്ദനം രേഖപ്പെടുത്തി. പ്രവാസികളുടെ രാഷ്ട്രീയ ഇടപെടൽ കൂടുതൽ ശക്തമാക്കാനും, സംഘടനാ പ്രവർത്തനം അടിത്തറയിൽ നിന്ന് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് അനുകൂല തരംഗം ശക്തിപ്പെടുത്തുന്നതിൽ ഒ.ഐ.സി.സി നിർണായക പങ്ക് വഹിച്ചുവെന്ന് യോഗം വിലയിരുത്തി.


