പാലക്കാട്: സംസ്ഥാനത്ത് ഇപ്പോഴും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പിലാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഓവർലോഡ് മൂലം വൈദ്യുതി ട്രിപ്പ് ആകുന്ന സാഹചര്യമാണിതെന്നും, നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുകയും തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവിക നിയന്ത്രണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ ഹീറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. കടുത്ത വേനലും മഴക്കുറവും വൈദ്യുതി ഉപയോഗത്തിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. എസി ഇന്ന് അനിവാര്യതയായി മാറിയിരിക്കുകയാണ്. കരാറുകൾ പുതുക്കുന്നതിൽ കെഎസ്ഇബിക്കുണ്ടായ വീഴ്ചയും പ്രതിസന്ധിക്ക് ഒരു കാരണമാണ്.
Photo and News Source: Malayalam Express



