യുഎസ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ച പുതിയ ബില്ലിലൂടെ എച്ച് 1ബി വിസകളുടെ നിയന്ത്രണം കർശനമാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. മൂന്നു വർഷത്തേക്ക് വിസ നൽകൽ നിർത്തുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഈ ബില്ലിലുണ്ട്. എച്ച് 1ബി വിസ ദുരുപയോഗം തടയൽ നിയമം 2026 എന്ന പേരിൽ എലി ക്രെയിൻ അവതരിപ്പിച്ച ഈ ബില്ലിന്റെ ലക്ഷ്യം, കഠിനാധ്വാനികളായ യുഎസ് പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. നിലവിൽ 65,000 വിസകളാണ് പ്രതിവർഷം അനുവദിക്കുന്നത്. പുതിയ ബിൽ പ്രകാരം ഇത് 25,000 ആയി കുറയ്ക്കാനാണ് നിർദ്ദേശം.
പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളായ ബ്രാൻഡൻ ഗിൽ, പോൾ ഗോസർ, ആൻഡി ഓഗിൻസ് എന്നിവരുടെ പിന്തുണയുമുണ്ട് ഈ ബില്ലിന്. ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് വിസ നൽകാനുള്ള നിർദ്ദേശം. കുറഞ്ഞ ശമ്പളം പ്രതിവർഷം 2,00,000 ഡോളറായി നിശ്ചയിച്ചിരിക്കുന്നു. വിദേശ തൊഴിലാളിയെ നിയമിക്കുമ്പോൾ സ്വദേശിയെ പിരിച്ചുവിടരുത് എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നു.
കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതും ഗ്രീൻ കാർഡിനുള്ള അപേക്ഷയും ഈ ബിൽ വിലക്കുന്നു. യുഎസ് തൊഴിലാളികളുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും മറ്റു വിദേശ തൊഴിലാളികൾക്കും ഈ ബിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Kerala Online News



