തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധി താൽക്കാലികമാണെന്നും പ്രവാസി മലയാളികൾക്ക് അതിജീവന ശേഷി ഉണ്ട് എന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെ ജിതിൻ ജേക്കബ് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയാണെന്നുള്ള പ്രചാരണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഈ പ്രതികരണം. പ്രവാസികൾ നേരത്തെ നിരവധി പ്രതിസന്ധികൾ അതിജീവിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ അതിജീവന ശേഷി വളരെ ശക്തമാണെന്ന് ജിതിൻ ജേക്കബ് വിലയിരുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2023-24-ൽ ഇന്ത്യയിലേക്ക് എത്തിയ എൻആർഐ വരവ് 118.7 ബില്യൺ ഡോളർ (₹9.88 ലക്ഷം കോടി) ആയിരുന്നു. ഇതിൽ 19.7 ശതമാനം കേരളത്തിനാണ് ലഭിച്ചത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന സംസ്ഥാനവും കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
2023-ൽ കേരളത്തിലേക്ക് എത്തിയ എൻആർഐ വരവ് ഏകദേശം ₹2.16 ലക്ഷം കോടിയായിരുന്നു. 2018-ലെ ₹85,000 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർധനയാണിതെന്നും കുറിപ്പിൽ പറയുന്നു. ഇതിൽ 80 ശതമാനത്തിലേറെയും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 30-35 ലക്ഷം മലയാളികളിൽ നിന്നാണ് വരുന്നത്. വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ ഒരു ഭാഗം തിരിച്ചും പുറത്തേക്ക് പോകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2023-ൽ കേരളത്തിൽ നിന്ന് ₹43,378 കോടി രൂപയാണ് ഔട്ട്വേഡ് റെമിറ്റൻസ് ആയി വിദേശത്തേക്ക് അയച്ചത്. ഇത് ഇൻവേഡ് റെമിറ്റൻസിന്റെ 20 ശതമാനത്തോളം വരും.
Photo and News Source: Janmabhumi



