രാജസ്ഥാനിലെ ബെഹ്റോർ ജില്ലയിലെ മൊഹലാദിയ ഗ്രാമത്തിലുള്ള ഒരു ആക്രി സംഭരണ കേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകുന്നേരം വൻ തീപിടുത്തം ഉണ്ടായി. രണ്ട് കുട്ടികളടക്കം നാല് പേർ വെന്തുമരിച്ചു. തീ അതിവേഗം പടർന്നതിനാൽ അകത്തുണ്ടായിരുന്നവർ രക്ഷപ്പെടാൻ സമയം ലഭിച്ചില്ല. പോലീസ് അറിയിച്ചതനുസരിച്ച്, മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അഗ്നിശമന സേനയുടെ ആറോളം യൂണിറ്റുകൾ മണിക്കൂറുകളോളം പ്രവർത്തിച്ച് തീ നിയന്ത്രണവിധേയമാക്കി.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ജനവാസ മേഖലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ഈ വെയർഹൗസിന് ആവശ്യമായ സുരക്ഷാ അനുമതികൾ ഉണ്ടായിരുന്നോ എന്ന് അധികൃതർ പരിശോധിച്ചു വരുന്നു. വെയർഹൗസിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഒരു പിക്കപ്പ് വാനും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും കത്തിനശിച്ചു.

സംഭവത്തെ തുടർന്ന് ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സംഭരണ കേന്ദ്രങ്ങൾക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം സ്ഥാപനങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഇവ ജനവാസമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, എസ്പി സത്വീര് സിംഗ് തുടങ്ങിയ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Photo and News Source: Sathyam Online