പാലക്കാട്: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡിങ് നടപ്പിലാക്കിയതിനെക്കുറിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരണം നൽകി. വൈദ്യുതി നിലയ്‌ക്കുന്നത് ഓവർലോഡ് നിയന്ത്രണമാണെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നുമാണ് മന്ത്രിയുടെ വാദം. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ടാണ്. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു. സർക്കാർ കറന്റ് ചാർജ് കൂട്ടാതെ ഇരിക്കാൻ ശ്രമിക്കും.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് വൈദ്യുതി ഉപയോഗം കൂടുതലുള്ള മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദിവസവും 15 മിനിറ്റിലധികം നിയന്ത്രണം നടക്കുന്നുവെന്നാണ് പരാതി. ഒരാഴ്ച മുൻപ് മലബാർ മേഖലയിൽ തുടങ്ങിയ ലോഡ് ഷെഡിങ് ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലേക്കും വ്യാപിച്ചു.
രാത്രി 7 മുതൽ 11 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ ചൂട് തുടരുകയാണെങ്കിൽ നിയന്ത്രണം 30 മിനിറ്റ് വരെ നീളുമെന്നാണ് സൂചന. കൊടുംചൂടിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. നഗര-ഗ്രാമഭേദമില്ലാതെ ദിവസേന വൈദ്യുതി മുടക്കം പതിവാകുന്നുണ്ട്.
Photo and News Source: Janmabhumi



