വാഷിംഗ്ടണിൽ നിന്നും, അമേരിക്കയിലെ തൊഴിലവസരങ്ങളെ സംരക്ഷിക്കാനായി എച്ച്-1ബി വിസാ പരിപാടി മൂന്ന് വർഷത്തേക്ക് നിർത്തിവയ്ക്കുന്നതിനുള്ള ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചു. കുറഞ്ഞ വേതനത്തിന് വിദേശികളെ നിയമിക്കുന്നത് തടയാനാണ് ഈ നീക്കം. അരിസോണയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം എലി ക്രെയിൻ അവതരിപ്പിച്ച 'എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് 2026' എന്ന ബില്ലിന് ഏഴ് പേരും പിന്തുണ നൽകി.
ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും ഡോക്ടർമാരെയും ഈ നിയമം കാര്യമായി ബാധിക്കുമെന്ന് കരുതുന്നു. അമേരിക്കൻ കമ്പനികൾക്ക് സ്വദേശികളെ ലഭ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയാലേ വിദേശികളെ നിയമിക്കാൻ അനുവാദമുള്ളു. ഒന്നിലധികം ജോലികൾ ചെയ്യുന്നവരെയും തേർഡ് പാർട്ടി ഏജൻസികളിലൂടെ നിയമിക്കുന്നവരെയും ഈ ബിൽ വിലക്കുന്നു. വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന OPT സൗകര്യവും നിർത്തലാക്കാനുള്ള നിർദ്ദേശമുണ്ട്.
'അമേരിക്കൻ ജനതയുടെ ഉപജീവനത്തിന് പ്രാധാന്യം നൽകണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. കോർപ്പറേറ്റുകളുടെ ലാഭത്തിനല്ല, സർക്കാർ പ്രവർത്തിക്കേണ്ടത്' എന്ന് എലി ക്രെയിൻ വ്യക്തമാക്കി. എച്ച്-1ബി വിസയെ 'തട്ടിപ്പായി' കണക്കാക്കുന്നവരും ഈ ബില്ലിനെ പിന്തുണച്ചു. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും കർശനമായ പരിഷ്കരണ ബില്ലാണിതെന്ന് കുടിയേറ്റ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബിൽ നിയമമായാൽ അമേരിക്കയിലെ തൊഴിൽ തേടുന്ന ലക്ഷക്കണക്കിനാളുകളുടെ ഭാവി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Sathyam Online



