തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ പത്തരയ്ക്ക് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. ചൂട് കുറയുന്നതുവരെ സ്‌കൂൾ യൂണിഫോം നിർബന്ധമാക്കരുതെന്നും കമ്മിഷൻ പറഞ്ഞു. കളികൾ, എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരേഡ്, അസംബ്ലി, വിനോദയാത്രകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് യൂണിഫോം ധരിക്കുന്നതിൽ ഇളവ് നൽകി, സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. പരിശീലനങ്ങൾ രാവിലെ മുതൽ വൈകീട്ട് വരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും ബാലാവകാശ ലംഘനമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയെ തുടർന്നാണ് കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.പി.സി. സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.സി.സി. അഡീഷണൽ ഡയറക്ടർ ജനറൽ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ചീഫ് കമ്മിഷണർ എന്നിവർ നടപ്പാക്കണം. നടപടി 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.

Photo and News Source: Kerala Online News