തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ചൂട് അസഹനീയമായി തുടരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാനുള്ള സാധ്യതയെ മുൻനിർത്തി കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയുണ്ട്. മറ്റു ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു. ലോക്‌ഡൗണിന് സമാനമായി പകൽ സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.

ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാനുള്ള സാധ്യതയുണ്ട്. ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.

Photo and News Source: Janmabhumi