തൃശ്ശൂരിൽ പൂരം വിളംബരം ഇന്ന് പ്രഖ്യാപിക്കപ്പെടും. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവിലമ്മ വടക്കുംനാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളും. രാവിലെ 8.30-ന് ദേശത്തിൽ നിന്ന് പുറപ്പെടുന്ന ദേവി 11 മണിയോടെ ക്ഷേത്രത്തിൽ പ്രവേശിക്കും.

11.30-ന് തെക്കേഗോപുരവാതിൽ തുറന്ന് ദേവി നിലപാട് തറയിലെത്തി വിളംബരം നടത്തും. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന എഴുന്നള്ളിപ്പിൽ ഭക്തർ വീടിനുമുന്നിൽ പറ സമർപ്പിച്ച് സ്വീകരിക്കും. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീളുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും.

പൂരദിവസം തെക്കേഗോപുരവാതിൽ തുറന്ന് ഭഗവതി പുറത്തിറങ്ങും. നിലപാട് തറയിൽ വിളംബരം നടത്തിയ ശേഷം ദേവി തട്ടകത്തിലേക്ക് മടങ്ങും. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തെ തുടർന്ന് ഈവർഷം പൂരം ആർഭാടരഹിതമാണ്. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 15 മിനിറ്റ് മാത്രമുള്ള കുടമാറ്റവും പരമാവധി പത്ത് സെറ്റ് കുടകളുമാണ് ഈവർഷത്തെ പൂരം.

Photo and News Source: Samakalika Malayalam