വർക്കലയിലെ നാരായണ ഗുരുകുലത്തിന്റെ അദ്ധ്യക്ഷനും ശ്രീനാരായണ ഗുരു ഫൗണ്ടേഷന്റെ സ്ഥാപകനുമായ പദ്മശ്രീ ഗുരു മുനിനാരായണ പ്രസാദ് സമാധിയായി. 1960-ൽ 22-ാം വയസ്സിൽ ഗുരുകുലത്തിൽ ചേർന്ന അദ്ദേഹം 1999 മുതൽ ഗുരുകുല പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചു. 2024-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചു.

ലളിത ജീവിതവും ഏകാഗ്രമായ ജ്ഞാനദീക്ഷയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചാഞ്ചല്യമില്ലാത്ത മനസ്സും തെളിമയാർന്ന ബുദ്ധിയും എഴുത്തിലും പ്രഭാഷണങ്ങളിലും പ്രകടമായി. ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ അവതാരികയും വ്യാഖ്യാനവും അദ്ദേഹത്തിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ടതാണ്.

ഗുരുകുലത്തിന്റെ പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് നാരായണ ദർശനത്തേയും ബ്രഹ്മവിദ്യയേയും അദ്ദേഹം പഠിപ്പിച്ചു. വാർദ്ധക്യത്തെയും അനാരോഗ്യത്തെയും അതിജീവിച്ച് വര്‍ക്കല ഗുരുകുലത്തിൽ തന്റെ ജീവിതം തുടർന്ന അദ്ദേഹം പ്രസ്ഥാനത്തിന്റെ മാർഗ്ഗദർശിയായി നിലകൊണ്ടു.

Photo and News Source: Janmabhumi