കോഴിക്കോട്: ചൂടുകാലത്ത് കുടിക്കുന്ന ശീതളപാനീയങ്ങൾ വെയിലേറ്റാൽ ആരോഗ്യത്തിനു കനത്ത നഷ്ടമുണ്ടാകും. ഫ്രിഡ്ജിൽ കയറ്റുന്നതിനു മുമ്പ് വെയിൽകൊള്ളുന്ന രീതിയിൽ സൂക്ഷിക്കുമ്പോൾ പാനീയത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കരുതെന്ന മുന്നറിയിപ്പ് കുപ്പികളിൽ കാണാം. ദീർഘനേരം ചൂടേൽക്കുമ്പോൾ പ്രിസർവേറ്റീവുകളുടെ ഗുണം കുറയുകയും രാസമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പികളിലെ പ്ലാസ്റ്റിക് ഘടന മാറി മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.

ഫ്രൂട്ട്ജ്യൂസുകളിലെ കുപ്പികൾക്ക് ചൂടേൽക്കുമ്പോൾ പാനീയത്തിലെ ഘടകങ്ങൾ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് നിറം, രുചി, പോഷകമൂല്യം എന്നിവയ്ക്കു മാറ്റമുണ്ടാകുന്നു. പോളിഎഥലീൻ ടെറസ്താലിൻ, ബിസ്ഫനോൾ എ തുടങ്ങിയ രാസവസ്തുക്കൾ പ്ലാസ്റ്റിക് കുപ്പികളിൽ അടങ്ങിയിരിക്കുന്നു. വെയിലേൽക്കുമ്പോൾ ആന്റിമണി, ബിസ്ഫനോൾ എന്നിവ വെള്ളത്തിൽ ലയിക്കാനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാലും സംഭവിച്ച രാസമാറ്റം തിരികെ വരില്ല. വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Photo and News Source: Mathrubhumi