പാനൂർ : വെള്ളിയാഴ്ച വൈകിട്ട് വീശിയ ശക്തമായ കാറ്റും കനത്ത മഴയും തൂവക്കുന്നിലും പരിസരപ്രദേശങ്ങളിലും വലിയ നാശം വിതച്ചു. കടവത്തൂർ അർബൻ ബാങ്കിന്റെ തൂവക്കുന്ന് ശാഖയിലെ കെട്ടിടത്തിന്റെ മേൽക്കൂര 70 മീറ്ററിലേറെ ദൂരെ വീഴുകയുണ്ടായി. പുറത്തുപോയിരുന്ന വീട്ടുകാർ ഒരപകടത്തിൽനിന്നും രക്ഷപ്പെട്ടു. പാനൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തു.
മരം പൊട്ടി വീണ് പാറാട് വൈദ്യുതി സെക്ഷനിൽ പത്തോളം വൈദ്യുതത്തൂണുകൾ തകർന്നു. 32 സ്ഥലങ്ങളിൽ വൈദ്യുതി ലൈനിൽ മരം പൊട്ടിവീണു. ഈസ്റ്റ് പാറാട്, വെള്ളക്കുന്ന്, താഴെ കുന്നോത്തുപറമ്പ്, ചെറുപറമ്പ്, മരുതോളിൽ പീടിക തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു നാശം. ഈസ്റ്റ് പാറാട്ട് ടി.പി.ജി.എം. യു.പി. സ്കൂളിനു സമീപം കോട്ടാളൻമുക്കിൽ മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു. ചെറുപറമ്പ് ഫിനിക്സ് ലൈബ്രറിക്കു മുന്നിൽ തേക്ക് മരം പൊട്ടിവീണു. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മറ്റു സ്ഥലങ്ങളിൽ വൈകിയാണെങ്കിലും ശ്രമം തുടരുന്നു.
Photo and News Source: Mathrubhumi



