ചെന്നൈ: തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ലക്ഷ്യമിട്ട് ആദായനികുതി റെയ്ഡ് നടന്നതിന്റെ തെളിവുകൾ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപെരുന്തുഗൈ വെള്ളിയാഴ്ച പുറത്തുവിട്ടു.

ഇല്ലാത്ത റെയ്ഡിന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നുവെന്ന ആരോപണത്തിനെതിരെ ആദായനികുതി വകുപ്പ് ചെന്നൈ പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ച ഡി.എം.കെ. നേതാവ് പടപ്പായി മനോഹരന്റെ വീട്ടിലാണ് റെയ്ഡ് നടന്നതെന്ന് സെൽവപെരുന്തുഗൈ അവകാശപ്പെട്ടു.

പണമെവിടെ എന്ന ചോദ്യവുമായി ഉദ്യോഗസ്ഥർ എത്തിയെന്നും പരിശോധന പൂർത്തിയാകുന്നതുവരെ തന്നെ തടഞ്ഞുവെച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

വീട്ടിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ശ്രീപെരുംപുദൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായ സെൽവപെരുന്തുഗൈയുടെ വീട്ടിലാണ് റെയ്ഡ് നടന്നതെന്ന വാർത്ത ആദ്യം വന്നിരുന്നു. എന്നാൽ, ആദായനികുതി വകുപ്പ് അത് വ്യാജമാണെന്ന് വ്യക്തമാക്കി.

സെൽവപെരുന്തുഗൈയുടെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തിയിട്ടില്ലെന്നും കമ്മിഷണർ വി. രജിത വ്യക്തമാക്കി. കണക്കിൽപ്പെടാത്ത പണം കൈമാറുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ചില ഭാഗങ്ങളിൽ പരിശോധന നടന്നതായി വകുപ്പ് വ്യക്തമാക്കി.

Photo and News Source: Mathrubhumi