തെക്കൻ ലബനാനിൽ ഇസ്‌റായേൽ സൈന്യം നടത്തിയ ആസൂത്രിതമായ വ്യോമാക്രമണത്തിൽ “അൽ-അഖ്ബാർ’ പത്രത്തിന്റെ റിപ്പോർട്ടറായ അമാൽ ഖലീൽ കൊല്ലപ്പെട്ടു. ഇസ്‌റായേലിന്റെ അധിനിവേശവും ക്രൂരതകളും ലോകത്തിനു മുന്നിൽ ഭയരഹിതമായി തുറന്നുകാട്ടിയ അവർ, മാധ്യമ പ്രവർത്തകയെന്ന നിലയിൽ ജനതയുടെ പോരാട്ടവീര്യത്തെയും വേദനയെയും പകർത്തിയിരുന്നു.

വർഷങ്ങളായി ഇസ്‌റായേലിന്റെ കണ്ണിലെ കരടായിരുന്നു അമാൽ. അതിരുത്തി ഗ്രാമങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും അധിനിവേശ തന്ത്രങ്ങളെയും അവർ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ ധീരത തന്നെയായിരുന്നു ഇസ്‌റായേലിനെ അവരെ ലക്ഷ്യമിടാൻ പ്രേരിപ്പിച്ചത്. പലതവണ വധഭീഷണിയുണ്ടായിരുന്നെങ്കിലും, തന്റെ ജീവനേക്കാൾ സത്യം വലുതെന്നും മാധ്യമ പ്രവർത്തനമാണ് തന്റെ ആയുധമെന്നും അമാൽ വിശ്വസിച്ചു.

യുദ്ധനിയമങ്ങളെയോ അന്താരാഷ്ട്ര ധാരണകളെയോ മാനിക്കാത്ത ഇസ്‌റായേലിന്റെ കിരാത മുഖമാണ് ഈ കൊലപാതകത്തിലൂടെ വീണ്ടും വെളിപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരുടെ പരിരക്ഷയെല്ലാം കാറ്റില് പറത്തിയാണ് ഇസ്‌റായേൽ സൈന്യം അമാലിനെ ഉന്നം വെച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല; സത്യം റിപ്പോർട്ട് ചെയ്യുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമമാണ്.

Photo and News Source: Siraj Live