ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും വൈകിട്ട് അഞ്ചുമണിയോടെ കനത്ത മഴയ്ക്കൊപ്പം പതിനഞ്ച് മിനിറ്റോളം ആലിപ്പഴം പെയ്തിറങ്ങി. ചെറിയ ഐസുകട്ടകളെപ്പോലെ വീടുകളുടെ മുറ്റത്തും റോഡിലും ചിതറിക്കിടന്ന ആലിപ്പഴം നാട്ടുകാർക്ക് അത്ഭുതകരമായ കാഴ്ചയായി.

അടുത്തിടെയായി കേരളം കടുത്ത ഉഷ്ണതരംഗ ഭീതിയിലാണ്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർദ്രതയും ഈ ജില്ലകളിൽ അനുഭവപ്പെടുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതയും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി.

തുടർച്ചയായ ദിവസങ്ങളിൽ താപനില ഉയർന്ന നിലയിലാണ്. ഇത് ഗൗരവതരമായ സാഹചര്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Kairali News