കൊല്ലം ജില്ലയിൽ വേനൽക്കാലത്ത് പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നതോടെ ജില്ലാ കലക്ടർ എൻ. ദേവിദാസ് പൊതുജനങ്ങളെ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. ചൂടിന്റെയെല്ലാം രക്ഷ തേടി പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും പ്രവേശിക്കും. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ തുടങ്ങിയ വിഷപ്പാമ്പുകളുടെ ഇണക്കാലമാണിത്. വീടിനു ചുറ്റും കുറ്റിക്കാടുകൾ നീക്കം ചെയ്യുകയും പൊത്തുകളും മാളങ്ങളും അടയ്ക്കുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കണം. രാത്രി കിടക്കയും തലയിണകളും പരിശോധിക്കേണ്ടതുണ്ട്. പാമ്പിനെ കണ്ടാൽ പിടിക്കാതെ വനംവകുപ്പിനോ ‘സർപ്പ' വൊളണ്ടിയറെയോ വിവരം അറിയിക്കുക. പുനലൂർ, അച്ചൻകോവിൽ, തെന്മലയിലെ വനംവകുപ്പ് കൺട്രോൾ റൂമുകളിലോ 1800 425 4733 നമ്പറിലോ ബന്ധപ്പെടാം. ‘സർപ്പ ആപ്പ്' ഉപയോഗിച്ച് പാമ്പുപിടുത്തക്കാരുടെ സേവനവും ആശുപത്രികളുടെ വിവരവും ലഭിക്കും.
പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ കടിയേറ്റ വ്യക്തിയെ പരന്ന പ്രതലത്തിൽ കിടത്തി ഭാഗം അനങ്ങാതെ സൂക്ഷിക്കണം. മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം ആന്റിവെനം ലഭ്യമായ ആശുപത്രിയിലേക്ക് വേഗം എത്തിക്കണം. രക്തയോട്ടം തടയാൻ മുറിവിന് മുകളിൽ കെട്ടുന്നത് ഒഴിവാക്കുക.
Photo and News Source: Kerala Online News



