പാമ്പുകടിയേറ്റാൽ 108 ആംബുലൻസിലൂടെ ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചു. പ്രഥമ ശുശ്രൂഷയും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുന്നതിനായി പരിചയ സമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ പ്രവർത്തിക്കും. സമയബന്ധിതമായ ശുശ്രൂഷയിലൂടെ ജീവൻ രക്ഷിക്കാനാകുമെന്നതിനാൽ വെനമില്ലാത്ത ആശുപത്രികളിലേക്ക് പോയി സമയം നഷ്ടപ്പെടുത്തരുതെന്നും മന്ത്രി നിർദ്ദേശിച്ചു.
നിലവിൽ 146 ആശുപത്രികളിൽ ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും വെനം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് എത്തുന്നതിനുമുമ്പ് വെനത്തിന്റെ സ്റ്റോക്ക് ഉറപ്പാക്കുകയും രോഗിയുടെ വിവരങ്ങൾ ആശുപത്രിയിലേക്ക് അറിയിക്കുകയും ചെയ്യും. ആവശ്യമുള്ളവർ 108 നമ്പറിലാണ് വിളിക്കേണ്ടത്.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകി. വെനത്തിന്റെ ലിസ്റ്റ് 108 ടീമിന് കൈമാറുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളെയും ലാബ് പരിശോധനകളെയും അടിസ്ഥാനമാക്കി പ്രോട്ടോക്കോൾ പ്രകാരമാണ് വെനം നൽകുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo and News Source: Kairali News



