സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏപ്രിൽ-മെയ് മാസങ്ങളിലെ പരിശീലനങ്ങൾ രാവിലെ 10. 30-ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കിയിരിക്കുന്നു. കളികൾ, എൻസിസി, സ്കൗട്ട് പരേഡുകൾ, അസംബ്ലി, യാത്രകൾ എന്നിവയെല്ലാം പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കുട്ടികൾക്ക് യൂണിഫോം ധരിക്കുന്നതിൽ ഇളവ് നൽകി, സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും കമ്മിഷൻ നിർദ്ദേശിക്കുന്നു. കനത്ത ചൂട് മൂലം ഉണ്ടാകുന്ന ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിർജ്ജലീകരണം, തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഈ നടപടി.
നിലവിലെ ചൂട് കുറയുന്നതുവരെ യൂണിഫോം നിർബന്ധമാക്കരുതെന്നും കമ്മിഷൻ നിർദ്ദേശിക്കുന്നു. തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയെത്തുടർന്നാണ് ഉത്തരവിറങ്ങിയത്. നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടത് പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്. പി. സി സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻസിസി അഡിഷണൽ ഡയറക്ടർ ജനറൽ, സ്കൗട്ട്-ഗൈഡ് ചീഫ് കമ്മീഷണർ എന്നിവരാണ്. 2012-ലെ ബാലാവകാശ സംരക്ഷണ ചട്ടപ്രകാരം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.
Photo and News Source: Kerala Online News



