ടെൽ അവീവ്: ബൈബിളിലെ 'നഷ്ടപ്പെട്ട ഗോത്രത്തിന്റെ' പിൻഗാമികളെന്ന് അവകാശപ്പെടുന്ന 250-ലധികം ഇന്ത്യക്കാർ വ്യാഴാഴ്ച ഇസ്രായേലിൽ എത്തി. മണിപ്പൂരിലെ 'ബ്‌നെയ് മെനാഷെ' സമൂഹത്തിൽപ്പെട്ടവരായ ഇവരെ സർക്കാർ മുഖേനയാണ് കൊണ്ടുവന്നത്.

ടെൽ അവീവ് വിമാനത്താവളത്തിൽ ഇസ്രായേൽ പതാക നിറങ്ങളിലുള്ള ബലൂണുകളും പരമ്പരാഗത ജൂത ഗീതങ്ങളും കൊണ്ട് ഇവരെ സ്വീകരിച്ചു. ബിസി 720-ൽ അസീറിയൻ സൈന്യം നാടുകടത്തിയ പത്ത് നഷ്ടപ്പെട്ട ഗോത്രങ്ങളിൽ ഒന്നായ 'മെനാഷെ' ഗോത്രത്തിന്റെ പിൻഗാമികളാണ് തങ്ങൾ എന്നാണ് ഇവരുടെ വിശ്വാസം.

പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന വഴി ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ എത്തിയതാണ് തങ്ങൾ എന്നാണ് ഇവരുടെ വാമൊഴി ചരിത്രം. നൂറ്റാണ്ടുകളോളം ജൂത വിശ്വാസത്തിൽ നിന്ന് അകന്നിരുന്നെങ്കിലും, പരിച്ഛേദന പോലുള്ള ചില ആചാരങ്ങൾ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനത്തിൽ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചു.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി തങ്ങളുടെ ജൂത വേരുകൾ തേടി ഇവർ മടങ്ങിവരികയാണ്. നവംബറിൽ ഇസ്രായേൽ സർക്കാർ 4,600 പേരെ കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് 250 പേരെ ഇപ്പോൾ എത്തിച്ചത്. ഇവർക്ക് പൗരത്വം ലഭിക്കാൻ പൂർണ്ണമായും ജൂതമതത്തിലേക്ക് മാറേണ്ടതുണ്ട്. വടക്കൻ ഇസ്രായേലിൽ പുനരധിവസിപ്പിക്കാനാണ് പദ്ധതി. പ്രതിവർഷം 1,200 പേരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Photo and News Source: Sathyam Online