ടെഹ്‌റാനിൽ ഫെബ്രുവരി 28-ന് ഇസ്രയേലും യുഎസും നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയിക്ക് ഗുരുതര പരുക്കേറ്റു. മുഖത്തിനും കാലിനും പൊള്ളലേറ്റ അദ്ദേഹം സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ മൊജ്താബയ്ക്ക് ഇനിയും ചികിത്സ വേണ്ടി വരുമെന്ന് റിപ്പോർട്ടുണ്ട്. വെപ്പുകാൽ ആവശ്യമാകുന്ന സ്ഥിതിയും ഉണ്ടാകാം.
ഈ ആക്രമണത്തെ തുടർന്ന് ഇറാനിലെ നിർണായക തീരുമാനങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി (ഐആർജിസി)യുടെ ഉന്നത കമാൻഡർമാരുടെ കൂട്ടായ്മയിലേക്ക് മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൊജ്താബയുടെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തിയതോടെയാണ് ഈ മാറ്റം സംഭവിച്ചത്. മൊജ്താബയുടെ പിതാവ് ആയത്തൊള്ള അലി ഖമനേയിയെ പോലെ കേന്ദ്രീകൃത അധികാരപ്രയോഗം അദ്ദേഹം നടത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അധികാരം ഐആർജിസി ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ഇവർ ജനറലുമാരുടെ ഒരു ബോർഡ് എന്ന നിലയിൽ പ്രവർത്തിച്ച് സൈനികതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
Photo and News Source: Newsthen



