കൊച്ചി: കേരളത്തിൽ മരുന്ന് നിർമ്മാതാക്കളെയും വ്യാപാരികളെയും ലക്ഷ്യമാക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എടുത്ത നിരവധി കേസുകൾ നിയമപരമായി ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് അനുശാസിക്കുന്ന ചട്ടങ്ങളെ ലംഘിച്ചാണ് കേസുകൾ ഫയൽ ചെയ്യപ്പെടുന്നത്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. രൂപേഷ് രവീന്ദ്രൻ സർക്കാരിനെ സമീപിച്ചു. സെക്ഷൻ 25(3), 25(4) എന്നിവയുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രാദേശിക ലാബുകളിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടുകൾ വർഷങ്ങളോളം വൈകിപ്പിക്കപ്പെടുന്നു.
ഒരു പ്രതിക്ക് കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പുനഃപരിശോധന നടത്താനുള്ള അവകാശമുണ്ടെങ്കിലും, കേസുകൾ കോടതിയിൽ എത്തുമ്പോൾ മരുന്നിന്റെ കാലാവധി കഴിഞ്ഞിരിക്കും. ഇതോടെ, കേസുകളിൽ നിന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും നഷ്ടപ്പെടുന്നു. പരിശോധനാ റിപ്പോർട്ട് ലഭിച്ച് 28 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാത്താൽ അത് അന്തിമ തെളിവായി കണക്കാക്കുമെന്ന വകുപ്പിന്റെ വാദം നിയമപരമായി ശരിയല്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കോടതി നടപടികൾ ആരംഭിക്കുമ്പോൾ മാത്രമേ റിപ്പോർട്ടിന് നിയമപരമായ പ്രാധാന്യം ഉണ്ടാകൂ.
നോട്ടീസിന് മറുപടി നൽകാത്തതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ശിക്ഷിക്കുന്നത് നീതിക്ക് വിരുദ്ധമാണെന്ന് വിശദീകരിക്കുന്നു.
Photo and News Source: Janmabhumi



