തിരുവനന്തപുരത്ത് അന്തരീക്ഷ താപനില ഉയരുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരു ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശവും പിന്തുടർന്നാണ് ഈ നടപടി. അങ്കണവാടികളിലെ മറ്റ് പ്രവർത്തനങ്ങൾ സാധാരണ പോലെ തുടരും. ഈ കാലയളവിൽ കുട്ടികൾക്ക് സപ്ലിമെന്ററി ന്യൂട്രീഷൻ വീടുകളിലേക്ക് നൽകുമെന്നും വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. അങ്കണവാടിയിലെ കുട്ടികൾക്ക് ഇടയ്ക്ക് വെള്ളം നൽകണമെന്നും, 15 ദിവസത്തിനുള്ളിൽ നടപടികൾ നടപ്പിലാക്കി വിവരം അറിയിക്കണമെന്നും വകുപ്പ് ഡയറക്ടർമാർക്ക് നിർദ്ദേശം നൽകി.

ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമ്മിച്ചിട്ടുള്ളതും വായു സഞ്ചാരം ഇല്ലാത്തതുമായ അങ്കണവാടികൾ തുറന്നുപ്രവർത്തിക്കരുതെന്നും കമ്മീഷൻ നിരദ്ദേശം നൽകി. അഡ്വ. എ സുരേഷ് കുമാറിന്റെ പരാതിയെത്തുടർന്നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Photo and News Source: Kerala Online News