കണ്ണൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ സൂര്യാഘാതം മൂലം യുവാവ് മരിച്ച സംഭവം സംസ്ഥാനത്തെ ആശയക്കുഴപ്പത്തിലാക്കി. കൊടും ചൂടിനെ നേരിടാൻ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കടുത്ത നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്. ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണമായി കേസ് എടുത്ത് അന്വേഷണം നടത്തുന്നു.

എം.വി. സനൽ കുമാർ (37) എന്ന യുവാവാണ് മരിച്ചത്. ബുധാഴ്ച രാവിലെ 11 മണിയോടെ അടുത്ത വീട്ടിലെ കിണർ വൃത്തിയാക്കാൻ സഹായിക്കുമ്പോൾ കുഴഞ്ഞുവീണു. ഉടൻ തന്നെ പള്ളിപ്പൊയിലിലെ ക്ലിനിക്കിലും തുടർന്ന് ചാലയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 2.55 ഓടെ മരണം സംഭവിച്ചു. പ്രാഥമിക പരിശോധനയിൽ സൂര്യാഘാതമായിരുന്നു മരണകാരണം എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ നല്കിയ ശേഷം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പള്ളിപ്പൊയിലിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. പത്തുമണിയോടെ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. സംസ്ഥാനത്തെ ആദ്യത്തെ കൊടും ചൂടുമരണമാണ് കണ്ണൂർ ജില്ലയിൽ രേഖപ്പെടുത്തിയത്. ദുബൈയിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന സനൽ കുമാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നവർക്കൊപ്പം സഹായിയായി ജോലി ചെയ്തിരുന്നു.

Photo and News Source: Kerala Online News