തുർക്കി പാർലമെന്റ് ബുധനാഴ്ച പാസാക്കിയ പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു.
യൂട്യൂബ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിശോധനാ സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതാണ്. 15 വയസ്സിൽ താഴെയുള്ളവർക്ക് അക്കൗണ്ട് തുറക്കാനാകില്ല. ഓൺലൈൻ ഇടപാടുകൾ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് പ്രത്യേക സംവിധാനങ്ങൾ നൽകേണ്ടതുമാണ്.
ഗെയിം കമ്പനികൾ തുർക്കിയിൽ പ്രതിനിധികളെ നിയമിക്കുകയും നിയമലംഘനം നടന്നാൽ ഇന്റർനെറ്റ് വേഗം കുറയ്ക്കുന്നതുപോലെയുള്ള കടുത്ത നടപടികൾ നേരിടുകയും വേണം. 15 ദിവസത്തിനുള്ളിൽ പ്രസിഡന്റ് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തിലാകും.
കഴിഞ്ഞയാഴ്ച കഹ്‌റാമൻമാരാസിൽ 14 വയസുകാരൻ നടത്തിയ വെടിവെപ്പിൽ പത്തുപേർ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന് കുട്ടിയുടെ ഓൺലൈൻ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പരിശോധിച്ചുവരുന്നു.
Photo and News Source: Mathrubhumi



