തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കോപ്പുപുര അപകടത്തിൽ കാണാതായവരുടെ തിരച്ചിൽ വ്യാഴാഴ്ച അവസാനിച്ചു. പോലീസ് 500 മീറ്റർ ചുറ്റളവിൽ വിശദമായ പരിശോധന നടത്തി. ഇതിൽ 250 മീറ്റർ അകലെയുള്ള വാഴത്തോട്ടത്തിൽ നിന്നും കൈപ്പത്തിയടക്കം മൂന്നു ശരീരഭാഗങ്ങൾ ലഭിച്ചു. സ്‌ഫോടനസ്ഥലത്തുനിന്ന് 100-ലേറെ ഭാഗങ്ങൾ കണ്ടെത്തി. കുളത്തിൽ നിന്നും കുടൽഭാഗവും ലഭിച്ചു. ഇവയെല്ലാം ഫൊറൻസിക് പരിശോധനയ്ക്കായി മഹസറിൽ രേഖപ്പെടുത്തി അയച്ചു.

പോലീസ്, ഡ്രോൺ, ശ്വാനസേന എന്നിവയെ ഉപയോഗിച്ച് തിരച്ചിൽ നടത്തി. കരിഞ്ഞുണങ്ങിയ മരങ്ങളുടെ മുകളിലും ശരീരഭാഗങ്ങളുണ്ടോയെന്ന് പരിശോധിച്ചു. ദുർഗന്ധവും ഈച്ചകളും കരിനിറഞ്ഞ പ്രദേശങ്ങളിൽ നിന്ന് അവ കണ്ടെത്താൻ സഹായിച്ചു. ഇതേവരെ 10 മൊബൈൽ ഫോണുകളുടെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. തിരച്ചിലിനായി 150 പോലീസുകാരും 15 ഓഫീസർമാരും മൂന്നുവരിയായി നിരന്നുനിന്നു പരിശോധിച്ചു.

Photo and News Source: Mathrubhumi