ദേശീയപാത 66-ലെ നീലേശ്വരം-കാലിക്കടവ് 12 കിലോമീറ്റർ ഭാഗം അടുത്തെങ്ങും തുറന്നുകൊടുക്കാനാകില്ല. ആദ്യം മാർച്ച് 31-ന് തുറക്കാനായിരുന്നു പദ്ധതി. പിന്നീട് മേയ് ആറിലേക്ക് മാറ്റി. 90% പണി പൂർത്തിയായെന്നാണ് കരാർ കമ്പനി റിപ്പോർട്ട്. നീലേശ്വരത്തും ചെറുവത്തൂരിലുമാണ് പണിയിൽ അനിശ്ചിതത്വം.

നീലേശ്വരത്ത് പഴയപാലം നിലനിർത്തി പാത പൂർത്തിയാക്കാനാണ് ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. പഴക്കംചെന്ന പാലം പൊളിച്ചുനീക്കി പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമാണ്. ഇനിയൊരു ദുരന്തത്തിന് വഴിയൊരുക്കാൻ സാധ്യമല്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

നീലേശ്വരം നഗരത്തെ രണ്ടായി പകുത്ത പാത പണിയുന്നതിനുപകരം മേൽപ്പാത (ആകാശപാത) പണിയണമെന്ന ആവശ്യവുമായി നഗരസഭാ നേതൃത്വത്തിലുള്ള കമ്മിറ്റിയും ജനകീയ സമരസമിതിയും സമരരംഗത്തുണ്ട്. നീലേശ്വരം പുഴമുതൽ പോലീസ് സ്റ്റേഷൻവരെ മേൽപ്പാതയല്ലാത്ത പ്രവൃത്തിയും അനുവദിക്കില്ലെന്ന് നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി വ്യക്തമാക്കി.

നീലേശ്വരത്തെ രണ്ടായി മുറിക്കുന്ന സാഹചര്യം തടയാൻ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുന്നു. നീലേശ്വരം പുഴയോരത്തെ ചതുപ്പിൽ മണ്ണിട്ടുയർത്തിയാണ് റോഡ് പണിതത്. ജനങ്ങളുടെ ആശങ്കയകറ്റാൻ എംബാങ്ക്‌മെന്റ് റോഡിന് പകരം മേൽപ്പാതകളും വയഡക്റ്റുകളും പണിയണമെന്നാണ് ആവശ്യം. നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ അടിപാതയുടെ അവസ്ഥയും ചർച്ചയിലാണ്.

Photo and News Source: Mathrubhumi