കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ പാമ്പുകടിയേറ്റ സംഭവങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം 19 പേർ മരണമടഞ്ഞതായി പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ.

ചിറയിൻകീഴ് സ്വദേശി ഏഴുവയസ്സുകാരൻ ദീക്ഷൽ പാമ്പുകടിയേറ്റ് മരിച്ചത് ഒടുവിലത്തെ സംഭവമാണ്. തൃശൂർ കൊടകരയിലെ എട്ടുവയസ്സുകാരൻ, തിരുവനന്തപുരം കിളിമാനൂരിലെ 75 കാരി സുധർമ്മ എന്നിവരും പാമ്പുകടിയേറ്റ് മരിച്ചവരിൽ ഉൾപ്പെടുന്നു.

വനവകുപ്പിന്റെ മിഷൻ സർപ്പയുടെ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് കുറച്ചുവരികയാണെന്ന് സർപ്പ ആപ്പ് സ്റ്റേറ്റ് നോഡൽ ഓഫീസർ മുഹമ്മദ് അന്‍വർ യൂനുസ് സിറാജ് വ്യക്തമാക്കി. ചൂടിന്റെ ആധിക്യം പാമ്പുകളെ മാളം വിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നു.

വിഷപ്പാമ്പുകളുടെ പ്രജനന സമയവും കടുത്ത ചൂടും ഒത്തുവരുന്നതോടെ പാമ്പുകളെ വ്യാപകമായി കാണാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വീടിനടുത്ത് വലിയ രീതിയിൽ വിറകും ഇഷ്ടികയും കൂട്ടിയിടരുത് എന്നും അദ്ദേഹം നിർദ്ദേശിച്ചു.

Photo and News Source: Siraj Live