മാലിദ്വീപിലെ സമുദ്രാന്തർഭാഗത്ത് പര്യവേക്ഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയൻ ഗവേഷകർ ദാരുണമായി മരണപ്പെട്ടു. മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുറിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മാലിദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തമായാണ് അധികൃതർ ഇതിനെ വിലയിരുത്തുന്നത്.

മാലിദ്വീപിന് സമീപമുള്ള വാവു അറ്റോളിലെ 50 മീറ്റർ ആഴത്തിലുള്ള സമുദ്ര ഗുഹയിലായിരുന്നു ഇവർ പര്യവേക്ഷണം നടത്തിയത്. 'ഡ്യൂക്ക് ഓഫ് യോക്' എന്ന ബോട്ടിലായിരുന്നു ഗവേഷക സംഘം യാത്ര തിരിച്ചത്. നിശ്ചയിച്ച സമയത്തിനുള്ളിൽ ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് അപകട വിവരം പുറത്തറിയുന്നത്. മോശം കാലാവസ്ഥയും ഗുഹയ്ക്കുള്ളിലെ മണൽ ഇളകിയതിനെത്തുടർന്നുണ്ടായ കാഴ്ചാപരിമിതിയുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

മരിച്ചവരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്. ഇദ്ദേഹം ബോട്ടിന്റെ ഓപ്പറേഷൻ മാനേജരാണ്. മറ്റുള്ളവർ വിവിധ സർവകലാശാലകളിൽ ഗവേഷണം നടത്തുന്നവരാണ്. വെള്ളിയാഴ്ച എട്ട് മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്ന് മാലിദ്വീപ് അധികൃതർ അറിയിച്ചു.

Photo and News Source: Media Mangalam