ന്യൂഡൽഹി: മോട്ടോറോള ഇന്ത്യയിൽ തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ മോട്ടോറോള എഡ്‌ജ് 70 പ്രോ അവതരിപ്പിച്ചു. 50 എംപി സോണി ലിറ്റിയ 710 സെൻസർ ഉള്ള ട്രിപ്പിൾ പ്രോ-ഗ്രേഡ് ക്യാമറാ സംവിധാനമാണ് ഇതിന്റെ പ്രധാന ആകർഷണം. കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങൾ പകർത്താനുള്ള മോട്ടോ എഐ സാങ്കേതികവിദ്യ, എല്ലാ ക്യാമറകളിലും 4കെ 60എഫ്‌പിഎസ് വീഡിയോ റെക്കോർഡിങ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഉപഭോക്താക്കൾക്ക് വ്യക്തിഗത ശൈലി നൽകുന്നതിനായി സാറ്റിൻ-ലക്സ്, ടെയ്‌ലേർഡ് ഫാബ്രിക്, മാർബിൾ ഫിനിഷുകൾ എന്നീ മൂന്ന് രൂപകൽപ്പനകളിൽ ഫോൺ ലഭ്യമാകും.

മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം പ്രോസസർ ഉപയോഗിച്ചിരിക്കുന്ന ഈ ഫോണിൽ 144ഹേർട്സ് റിഫ്രഷ് റേറ്റ്, 5200 നിറ്റ്സ് ബ്രൈറ്റ്‌നസ് ഉള്ള 6.8 ഇഞ്ച് 1.5കെ ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഈ ഉപകരണം തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനും അനുയോജ്യമാണ്. ഐപി68, ഐപി69 റേറ്റിംഗുകളുള്ള ഈ ഫോണിൽ 6500എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയും 90 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിങും ഉണ്ട്. വെറും 9 മിനിറ്റ് ചാർജിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയും.

മോട്ടോ എഐ 2.0 സവിശേഷതകളോടെ 2026 ഏപ്രിൽ 29 മുതൽ ഫ്ലിപ്പ്കാർട്ടിലും മോട്ടോറോള.ഇൻ വെബ്സൈറ്റിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. ആകർഷകമായ ഓഫറുകളോടെ 36,999 രൂപയിൽ നിന്ന് ലഭ്യമാകുന്ന ഈ ഫോൺ മികച്ച പ്രകടനവും ശക്തിയുമുള്ള ഉപകരണമായി മാറിയിരിക്കുന്നു.

Photo and News Source: Kerala Online News