നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചിയിൽ വൻ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് മുദ്രാവാക്യങ്ങളുമായും ആർപ്പുവിളികളുമായും വരവേറ്റത്. പ്രവർത്തകരുടെ വൻ തിരക്കിനിടയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് എത്തിച്ചത്.

ആലുവ എംഎൽഎ റോജി എം. ജോൺ, കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ് എന്നിവരും സതീശനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. വ്യാഴാഴ്ച പറവൂരിന്റെ നിയുക്ത എംഎൽഎയായി തിരുവനന്തപുരത്തേക്ക് പോയ സതീശൻ, വെള്ളിയാഴ്ച കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലാണ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തിയത്. കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി ഹൈക്കമാൻഡ് അദ്ദേഹത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

മേയ് 18 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം ഇരുപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തുടർന്ന് മേയ് 21-ന് പതിനാറാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരും. മേയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുകയും, 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുകയും ചെയ്യും.

Photo and News Source: Mathrubhumi